2011, ഒക്‌ടോബർ 26, ബുധനാഴ്‌ച

കഥാപ്രസംഗം: സൂർദാസ്


കഥാപ്രസംഗം.: സൂർദാസ്

"നീലക്കടമ്പുകൾ പൂത്തു നീളെ
നീരദജാലമുയർന്നു
നീഹാരരജനിയിൽ നിഴലുപോലൊരു വൃദ്ധൻ
ഗന്ധർവ്വനോ അതൊ കിന്നരനോ"
ദില്ലിയിലെ വിജനമായ തെരുവിലൂടെ ആ സന്ധ്യാനേരത്ത് ഒരു വൃദ്ധൻ തിരക്കിട്ട് നടന്നു പോകുന്നു. കയ്യിൽ ഒറ്റക്കമ്പിയുള്ള ഒരു തംബുരു.തെരുവുഗായകനായിരിക്കും.ഉപജീവനത്തിന് തെരുവിൽ പാടുന്നയാൾ.ഒറ്റമുണ്ട് തറ്റുടുത്തിട്ടുണ്ട്,കയ്യിൽ ഒരു ഊന്നുവടിയും.തെരുവിൽ ഒരീച്ച പോലുമില്ല.സദാസമയവും ഇരമ്പിമറിയുന്ന ഇന്നത്തെ ഡൽഹി അന്ന് സീഹിഗ്രാമമാണ്.വേറെയൊന്നും ചെയ്യാനില്ലാത്തതിനാൽ ഞാൻ അദ്ദേഹത്തെതന്നെ ശ്രദ്ധിച്ചു. വായ്നോട്ടം അന്നുമുണ്ടെന്നർഥം.അതല്ല എന്തോ ഒരു കൌതുകം അയാളിൽ കണ്ടു എന്നു പറയുന്ന്താവും ശരി.ചലനം,ലാളിത്യമാർന്നതും സുദൃഡവുമായ ആ മുഖഭാവം, കാരുണ്യം വഴിയുന്ന കണ്ണുകൾ ..ങേകണ്ണുകൾ! കണ്ണുകൾ ഇല്ലേ? കൺപോളകൾ അടച്ചാണ് നടപ്പ് .മാന്ത്രികനോ ?!  അല്ല ..അല്ല അയാൾ തന്റെ വടി നിലത്തു തട്ടി വഴിയറിയുന്നു.അന്ധൻ? അന്ധനായ ഈ വൃദ്ധൻ രാത്രിയാവാൻ നേരം എങ്ങോട്ടാണ് ? അല്ലെങ്കിൽ അന്ധനെന്ത് രാത്രി അല്ലേ?
"അകക്കണ്ണിൻ വെട്ടത്തിൽ
ഹൃദയത്തിൻ താളത്തിൽ
ആരെയാരെയാരെയോ
തേടി വൃദ്ധൻ എങ്ങു നിന്നെ
ങ്ങോട്ടു പോണൂ"?
ഒരു ചിലങ്കയുടെ ശബ്ദം! ച്ലിം ച്ലിം !! വൃദ്ധനെന്താ ചിലങ്കയണിഞ്ഞിട്ടുണ്ടോ? യേയ്, അതല്ല ! അതെ ശരിക്കും കേൾക്കുന്നു.വൃദ്ധന്റെ തൊട്ടു മുമ്പിൽ നിന്നാണത്. എന്നാലോ ആരുമില്ലതാനും. ഒരു പിഞ്ചുകുഞ്ഞിന്റെ പദനിസ്വനം.  ചിലങ്കയുടെ പതിഞ്ഞതാളം.അയാൾ ആചിലങ്കാ നാദത്തെ അനുഗമിക്കുന്നു.  അതിശയം തന്നെ.  ലേശം ഭയം തോന്നുന്നുണ്ടോ? ഇല്ല ഭൂതപ്രേതപിശാചുക്കൾ ഒന്നുമല്ല.തോന്നലാണോ?  അല്ല..അല്ല.  അതെ വ്യക്തമായും കേൾക്കാം.ചിലങ്കയുടെ മനം മയക്കുന്ന താളം. അയാൾ ചെന്നു കയറിയത് പഴകിയ ഇടിഞ്ഞുപൊളിഞ്ഞ ഒരു ദേവാലയത്തിലാണ്. അവിടെ എന്താണാവോ പ്രതിഷ്ഠ? ക്ഷേത്രത്തിൽ ചെറിയ തിരക്കുണ്ട്.  അതെയതെ ചിലങ്കയുടെ ശബ്ദം ഇപ്പോൾ കേൾക്കാനില്ല.അന്ധവൃദ്ധന് വഴികാട്ടിയ ആ ചിലങ്കാനാദം എവിടെപ്പോയി? പെട്ടന്ന് ക്ഷേത്രത്തിൽ നിന്നും കൂട്ട മണിമുഴക്കം.വൃദ്ധന് സ്വാഗതമരുളുന്ന മന്ത്രമധുര ദ്രുത താള മയമായ മണിനാദം.

"മന്ത്രം മധുരം മണിനാദം
മായാലീലകൾ ആശ്ചര്യം
ദ്രുതതാളത്തിൻ മേളനിനാദം
വൃദ്ധനെ എതിരേറ്റു
ആ വൃദ്ധനെ എതിരേറ്റു".

ക്ഷേത്രത്തിലെ ഗാനമണ്ഡ്പത്തിൽ അയാൾ ചമ്രം പടിഞ്ഞിരുന്നു. തംബുരുവിൽ നിന്നും ശ്രുതിയുയരുന്നു. ഒരു നിമിഷം.  തംബുരു നാദം കേട്ട പാടെ, തിരക്കു കൂട്ടി ഒച്ച വെച്ച് പ്രാർഥിച്ചു കൊണ്ടിരുന്ന ഭക്തർ നിശ്ശബ്ദരായി വൃദ്ധനു ചുറ്റും കൂടി.  അയാൾ അലൌകികമായ ആനന്ദത്തിൽ മുഴുകി ഒരു ഗാനം പാടി.  സ്വർഗീയ സുന്ദരമായ സംഗീതം.
.“.ഹാഹാ.. വൃദ്ധൻ എത്ര നന്നായി പാടുന്നു“.

"മേ നഹി മാഖന് ഖാവൊ മയ്യ മോരീ
മേ നഹി മാഖന് ഖാവോ.".

സദസ്സ് പരസ്പരം അടക്കം പറഞ്ഞു.. “സൂർദാസ് സൂർദാസ്.“
അതെ, ഞാൻ പറയുന്ന കഥ “സൂർദാസ്”.  പതിനാലാം നൂറ്റാണ്ടിന്റെ അന്ത്യ പാദത്തിൽ ജനിച്ച് പതിനഞ്ചിന്റെ അവസാനം ലോകം വെടിഞ്ഞ കൃഷ്ണഭക്താഗ്രണിയായ സൂർദാസ്.  വല്ലഭാചാര്യയിൽ നിന്നും ദീക്ഷനേടി സംഗീതവും ഭക്തിയും സമന്വയിപ്പിച്ച സംഗീതജ്ഞൻ . വിനയ വാത്സല്യ ശൃംഗാര ത്രിവേണിയിൽ ആറാടിയ , ഭഗവാന്റെ വത്സലഭക്തൻ. കീർത്തിസ്തംഭ,സാഹിത്യലഹരി,സുർസാരാവലി,സുർസാഗർ തുടങ്ങിയ ദോഹകൾ പാടി കൃഷ്ണബാലേയിൽ ഭക്തജനസഞ്ചയത്തെ ആനന്ദത്തിലാറാടിച്ച അന്ധനായ കവി സൂർദാസ്.
വൃദ്ധൻ ഭജന അവസാനിപ്പിച്ചു.  എങ്ങോട്ടോ ദൃഷ്ടി പായിച്ച് സദസ്സിന്റെ കരഘോഷത്തിന് നന്ദി പ്രകടിപ്പിച്ചു.
സ്ത്രീ: “ സൂർദാസ് പാടുമ്പോൾ ഉണ്ണിക്കണ്ണൻ തന്റെ കൊച്ചോടക്കുഴലും പിടിച്ച് അരികിൽ വന്നിരിക്കാറുണ്ടത്രേ!!“
മറ്റൊരാൾ: “അതെയതെ, ആഗാനം ആവോളം ആസ്വദിക്കാറുണ്ടത്രേ“!!!
സ്ത്രീ: “എന്നിട്ടും എന്തേ ആ കള്ളക്കണ്ണൻ ആ കണ്ണിന് വെളിച്ചം പകർന്നില്ല“?
കുട്ടി: “എന്തേ കണ്ണനെ നമ്മളാരും കാണുന്നില്ലാ“?
ഒരു വൃദ്ധൻ: (ദീർഘനിശ്വാസത്തോടെ) എല്ലാം ഭഗവാന്റെ ഓരൊ ലീലാവിലാസങ്ങൾ!!!

"കണ്ണൻ കള്ളകൃഷ്ണൻ
കുസൃതികൾ കാട്ടുന്ന ബാലൻ
ലീലകളാടുന്നു മായകൾ കാട്ടുന്നു
ലോകാർഥപാലകനാം ഭഗവാൻ"
കാലമങ്ങനെ കടന്നു പോയി. സൂർദാസ് ഏകനായി ഒരു മരത്തണലിരുന്നു പാടുകയാണ്.
"അഷ്ടമിരോഹിണി നാൾ
കണ്ണൻ ജന്മമെടുത്തൊരു നാൾ
അനന്തനാം കണ്ണന്റെ അവതാരലീലകൾ
സാനന്ദം പാടുന്നു ഭക്തകോടികൾ"
ചിലങ്കാനാദം! മുരളീഗാനം!! സൂർദാസ് സ്തബ്ധനായി.  ആനന്ദത്താൽ കണ്ഠമിടറി. കണ്ണുനീർ ധാരധാരയായൊഴുകി.
കൊഞ്ചിക്കുഴഞ്ഞ് ആമണിനാദം മൊഴിഞ്ഞു. “സൂർദാസ്, എന്നെകാണാൻ ഇത്രയിഷ്ടമോ? ഞാനെന്നും സൂർദാസിന്റെ കൂടെയില്ലേ?  എന്നെ കാണണമെന്നു അത്രയ്ക്കു മോഹമുണ്ടോ?
സൂർദാസ് കരയുന്നു.  കൊച്ചുകുഞ്ഞിനെ പ്പോലെ വിതുമ്പുന്നു.
ശരി ശരി കരയല്ലേ.  കണ്ണനും സങ്കടം വരും. കണ്ടോളൂ, കണ്ടോളൂകൺനിറയെ കണ്ടോളൂഭഗവാന്റെ പിഞ്ചുവിരലുകൾ സൂർദാസിന്റെ മിഴികളെ തലോടി.
സ്പർശനമേറ്റ  പാടെ വൈദ്യുതാഘാതമേറ്റപോലെ ,ഒരിടിമിന്നൽ കണക്കെ എന്തോ ഒന്ന് വൃദ്ധന്റെ തലച്ചോറിലേക്ക് പ്രവഹിച്ചു.  വെളിച്ചം. വെളിച്ചം  ..സർവ്വത്ര വെളിച്ചം.
"അന്ധകാര നഭസ്സിലപ്പോൾ സൂര്യനുദിച്ചു
സന്തോഷപ്പാലാഴിയിൽ അമൃതമുയർന്നു
കുസൃതിപ്പുഞ്ചിരി ചൊരിഞ്ഞുനിൽ‌പ്പൂ കണ്ണൻ
മുരളിയൂതി മനം കവരും കള്ളൻ"

സൂർദാസ് വാവിട്ട് കരഞ്ഞു.,“ കണ്ണാ ഭഗവാനേ  എന്റെ എന്റെ എന്റെയീ പാഴ് ജന്മം സഫലമായി.ഞാൻ സംതൃപ്തനാണ് പ്രഭോ..അങ്ങെനിക്ക് കാഴ്ച തന്നു. അങ്ങെനിക്ക് എല്ലാം തന്നു.  ഇനി ഞാനെന്തു നേടാൻ. ഞാൻ ഭഗവാനെ കണ്ടു. ഞാൻ എന്റെ ഉണ്ണിക്കണ്ണനെ കൺനിറച്ചു കണ്ടു.  കൃഷ്ണാ ഇനിയെനിക്ക് ഒന്നും കാണണ്ട  ഭഗവാനെ കണ്ട ഈ കണ്ണുകൾ ഇനിയൊന്നും കാണണ്ട. ഭഗവാനേ ഭക്തവത്സലാ അങ്ങെന്റെ കാഴ്ച തിരിച്ചെടുക്കണം. എന്റെ കാഴ്ച തിരിച്ചെടുക്കണം..
സൂർദാസ് എന്തേ ഇങ്ങനെ പറയുന്നത്?
പ്രപഞ്ചത്തിലെ സമസ്ത സൌന്ദര്യവും ഭഗവാനിലൂടെ ഇപ്പോൾ ഞാൻ കണ്ടില്ലേ !! ഇനി എനിക്ക് എന്തിന് കാഴ്ച! ഈ ഓർമ്മ ഒരിക്കലും മരിക്കരുത്.ഓർക്കാനും ഓമനിക്കാനും ഈ നിമിഷം എനിക്ക് ഒരു യുഗം പോലെയാണ്.  കണ്ണാ എന്റെ കാഴ്ച തിരിച്ചെടുക്കൂ
സൂർദാസ് ബോധരഹിതനായി വീഴാൻ ഭാവിക്കെ ആ പിഞ്ചുകൈകൾ ആവൃദ്ധനെ താങ്ങിതലോടി.വാരിപ്പുണർന്നു……
"കാരുണ്യവാരിധി ഭഗവാൻ കൈത്താങ്ങാകുന്ന തോഴൻ
ഏഴയേവാരിപ്പുണരും വാത്സല്യത്തോടെ തലോടും"
സൂർദാസ് വീണ്ടും പാടുന്നു.ഇന്നും പാടുന്നു..എന്നിലൂടെ ..നിങ്ങളിലൂടെജനലക്ഷങ്ങളിലൂടെ..പാടിക്കോണ്ടേയിരിക്കുന്നു
"പ്രഭുജീ‍ തും ചന്ദന് ഹം പാനി
പ്രഭുജീ തും മോട്ടീ ഹം ഥാക്കാ..
പ്രഭുജീ………….."1 അഭിപ്രായം:

krishnendu ms പറഞ്ഞു...

ഇതെന്താ?! നന്നായി എന്ന് പറയാൻ എനിക്കു കുറച്ചു വിഷമമുണ്ട്