2012, ഏപ്രിൽ 7, ശനിയാഴ്‌ച

പ്രണയം


ഓരോ പുതുമഴയും ഓടിതിമിർക്കുന്ന
നനവായ് മനസ്സിലെൻ ബാല്യമെത്തും.
കോരിചൊരിയുന്ന മഴയിൽ നനഞ്ഞുകൊണ്ട-
വളെൻ കളിത്തോഴിയരികിലെത്തും.
   വേനലിലന്ന് വരണ്ടുണങ്ങി പോയ
   മേട്ടിൽ പുതുനാമ്പു തിരിതെളിക്കും.
   പുതിയൊരു തെളിർ ധാരയൊഴികിടും അന്നു നാം‌‌‌-
   വറ്റിച്ച ചാലുകൾ പുനർജനിക്കും.
   ശുഷ്ക്കിച്ചു വിണ്ടുണങ്ങിപ്പൊയ പാടങ്ങൾ
   കണിവെള്ളരികൊണ്ടലങ്കരിക്കും.
    പണ്ടു സല്ലാപം പിരിഞ്ഞ വഴികളിൽ
    കൊന്നക്കണി പൂക്കൾ തൊങ്ങൽ ചാർത്തും.
    തോരാത്ത  ഒരു ദിനം കലങ്ങിക്കരഞ്ഞവൾ
പുലമ്പി പറഞ്ഞും പിറുപിറുത്തും,
     ഇരുൾ പൂണ്ട രാത്രിയിൽ കൂടെ മയങ്ങും
     കിനാവിനെയന്നു പറഞ്ഞയച്ചു.
കദനം ചൊരിഞ്ഞവൾ ഓർമ്മകൾ പങ്കിട്ട
വേളയിൽ ഗദ്ഗദം ഞാൻ മൊഴിഞ്ഞു.
വരിക നീ ഹർഷമെ വർഷമായ് വൈകാതെ
കാത്തിരിപ്പുണ്ടാവും സഖി നിനക്കായ്.

2011, ഒക്‌ടോബർ 26, ബുധനാഴ്‌ച

കഥാപ്രസംഗം: സൂർദാസ്


കഥാപ്രസംഗം.: സൂർദാസ്

"നീലക്കടമ്പുകൾ പൂത്തു നീളെ
നീരദജാലമുയർന്നു
നീഹാരരജനിയിൽ നിഴലുപോലൊരു വൃദ്ധൻ
ഗന്ധർവ്വനോ അതൊ കിന്നരനോ"
ദില്ലിയിലെ വിജനമായ തെരുവിലൂടെ ആ സന്ധ്യാനേരത്ത് ഒരു വൃദ്ധൻ തിരക്കിട്ട് നടന്നു പോകുന്നു. കയ്യിൽ ഒറ്റക്കമ്പിയുള്ള ഒരു തംബുരു.തെരുവുഗായകനായിരിക്കും.ഉപജീവനത്തിന് തെരുവിൽ പാടുന്നയാൾ.ഒറ്റമുണ്ട് തറ്റുടുത്തിട്ടുണ്ട്,കയ്യിൽ ഒരു ഊന്നുവടിയും.തെരുവിൽ ഒരീച്ച പോലുമില്ല.സദാസമയവും ഇരമ്പിമറിയുന്ന ഇന്നത്തെ ഡൽഹി അന്ന് സീഹിഗ്രാമമാണ്.വേറെയൊന്നും ചെയ്യാനില്ലാത്തതിനാൽ ഞാൻ അദ്ദേഹത്തെതന്നെ ശ്രദ്ധിച്ചു. വായ്നോട്ടം അന്നുമുണ്ടെന്നർഥം.അതല്ല എന്തോ ഒരു കൌതുകം അയാളിൽ കണ്ടു എന്നു പറയുന്ന്താവും ശരി.ചലനം,ലാളിത്യമാർന്നതും സുദൃഡവുമായ ആ മുഖഭാവം, കാരുണ്യം വഴിയുന്ന കണ്ണുകൾ ..ങേകണ്ണുകൾ! കണ്ണുകൾ ഇല്ലേ? കൺപോളകൾ അടച്ചാണ് നടപ്പ് .മാന്ത്രികനോ ?!  അല്ല ..അല്ല അയാൾ തന്റെ വടി നിലത്തു തട്ടി വഴിയറിയുന്നു.അന്ധൻ? അന്ധനായ ഈ വൃദ്ധൻ രാത്രിയാവാൻ നേരം എങ്ങോട്ടാണ് ? അല്ലെങ്കിൽ അന്ധനെന്ത് രാത്രി അല്ലേ?
"അകക്കണ്ണിൻ വെട്ടത്തിൽ
ഹൃദയത്തിൻ താളത്തിൽ
ആരെയാരെയാരെയോ
തേടി വൃദ്ധൻ എങ്ങു നിന്നെ
ങ്ങോട്ടു പോണൂ"?
ഒരു ചിലങ്കയുടെ ശബ്ദം! ച്ലിം ച്ലിം !! വൃദ്ധനെന്താ ചിലങ്കയണിഞ്ഞിട്ടുണ്ടോ? യേയ്, അതല്ല ! അതെ ശരിക്കും കേൾക്കുന്നു.വൃദ്ധന്റെ തൊട്ടു മുമ്പിൽ നിന്നാണത്. എന്നാലോ ആരുമില്ലതാനും. ഒരു പിഞ്ചുകുഞ്ഞിന്റെ പദനിസ്വനം.  ചിലങ്കയുടെ പതിഞ്ഞതാളം.അയാൾ ആചിലങ്കാ നാദത്തെ അനുഗമിക്കുന്നു.  അതിശയം തന്നെ.  ലേശം ഭയം തോന്നുന്നുണ്ടോ? ഇല്ല ഭൂതപ്രേതപിശാചുക്കൾ ഒന്നുമല്ല.തോന്നലാണോ?  അല്ല..അല്ല.  അതെ വ്യക്തമായും കേൾക്കാം.ചിലങ്കയുടെ മനം മയക്കുന്ന താളം. അയാൾ ചെന്നു കയറിയത് പഴകിയ ഇടിഞ്ഞുപൊളിഞ്ഞ ഒരു ദേവാലയത്തിലാണ്. അവിടെ എന്താണാവോ പ്രതിഷ്ഠ? ക്ഷേത്രത്തിൽ ചെറിയ തിരക്കുണ്ട്.  അതെയതെ ചിലങ്കയുടെ ശബ്ദം ഇപ്പോൾ കേൾക്കാനില്ല.അന്ധവൃദ്ധന് വഴികാട്ടിയ ആ ചിലങ്കാനാദം എവിടെപ്പോയി? പെട്ടന്ന് ക്ഷേത്രത്തിൽ നിന്നും കൂട്ട മണിമുഴക്കം.വൃദ്ധന് സ്വാഗതമരുളുന്ന മന്ത്രമധുര ദ്രുത താള മയമായ മണിനാദം.

"മന്ത്രം മധുരം മണിനാദം
മായാലീലകൾ ആശ്ചര്യം
ദ്രുതതാളത്തിൻ മേളനിനാദം
വൃദ്ധനെ എതിരേറ്റു
ആ വൃദ്ധനെ എതിരേറ്റു".

ക്ഷേത്രത്തിലെ ഗാനമണ്ഡ്പത്തിൽ അയാൾ ചമ്രം പടിഞ്ഞിരുന്നു. തംബുരുവിൽ നിന്നും ശ്രുതിയുയരുന്നു. ഒരു നിമിഷം.  തംബുരു നാദം കേട്ട പാടെ, തിരക്കു കൂട്ടി ഒച്ച വെച്ച് പ്രാർഥിച്ചു കൊണ്ടിരുന്ന ഭക്തർ നിശ്ശബ്ദരായി വൃദ്ധനു ചുറ്റും കൂടി.  അയാൾ അലൌകികമായ ആനന്ദത്തിൽ മുഴുകി ഒരു ഗാനം പാടി.  സ്വർഗീയ സുന്ദരമായ സംഗീതം.
.“.ഹാഹാ.. വൃദ്ധൻ എത്ര നന്നായി പാടുന്നു“.

"മേ നഹി മാഖന് ഖാവൊ മയ്യ മോരീ
മേ നഹി മാഖന് ഖാവോ.".

സദസ്സ് പരസ്പരം അടക്കം പറഞ്ഞു.. “സൂർദാസ് സൂർദാസ്.“
അതെ, ഞാൻ പറയുന്ന കഥ “സൂർദാസ്”.  പതിനാലാം നൂറ്റാണ്ടിന്റെ അന്ത്യ പാദത്തിൽ ജനിച്ച് പതിനഞ്ചിന്റെ അവസാനം ലോകം വെടിഞ്ഞ കൃഷ്ണഭക്താഗ്രണിയായ സൂർദാസ്.  വല്ലഭാചാര്യയിൽ നിന്നും ദീക്ഷനേടി സംഗീതവും ഭക്തിയും സമന്വയിപ്പിച്ച സംഗീതജ്ഞൻ . വിനയ വാത്സല്യ ശൃംഗാര ത്രിവേണിയിൽ ആറാടിയ , ഭഗവാന്റെ വത്സലഭക്തൻ. കീർത്തിസ്തംഭ,സാഹിത്യലഹരി,സുർസാരാവലി,സുർസാഗർ തുടങ്ങിയ ദോഹകൾ പാടി കൃഷ്ണബാലേയിൽ ഭക്തജനസഞ്ചയത്തെ ആനന്ദത്തിലാറാടിച്ച അന്ധനായ കവി സൂർദാസ്.
വൃദ്ധൻ ഭജന അവസാനിപ്പിച്ചു.  എങ്ങോട്ടോ ദൃഷ്ടി പായിച്ച് സദസ്സിന്റെ കരഘോഷത്തിന് നന്ദി പ്രകടിപ്പിച്ചു.
സ്ത്രീ: “ സൂർദാസ് പാടുമ്പോൾ ഉണ്ണിക്കണ്ണൻ തന്റെ കൊച്ചോടക്കുഴലും പിടിച്ച് അരികിൽ വന്നിരിക്കാറുണ്ടത്രേ!!“
മറ്റൊരാൾ: “അതെയതെ, ആഗാനം ആവോളം ആസ്വദിക്കാറുണ്ടത്രേ“!!!
സ്ത്രീ: “എന്നിട്ടും എന്തേ ആ കള്ളക്കണ്ണൻ ആ കണ്ണിന് വെളിച്ചം പകർന്നില്ല“?
കുട്ടി: “എന്തേ കണ്ണനെ നമ്മളാരും കാണുന്നില്ലാ“?
ഒരു വൃദ്ധൻ: (ദീർഘനിശ്വാസത്തോടെ) എല്ലാം ഭഗവാന്റെ ഓരൊ ലീലാവിലാസങ്ങൾ!!!

"കണ്ണൻ കള്ളകൃഷ്ണൻ
കുസൃതികൾ കാട്ടുന്ന ബാലൻ
ലീലകളാടുന്നു മായകൾ കാട്ടുന്നു
ലോകാർഥപാലകനാം ഭഗവാൻ"
കാലമങ്ങനെ കടന്നു പോയി. സൂർദാസ് ഏകനായി ഒരു മരത്തണലിരുന്നു പാടുകയാണ്.
"അഷ്ടമിരോഹിണി നാൾ
കണ്ണൻ ജന്മമെടുത്തൊരു നാൾ
അനന്തനാം കണ്ണന്റെ അവതാരലീലകൾ
സാനന്ദം പാടുന്നു ഭക്തകോടികൾ"
ചിലങ്കാനാദം! മുരളീഗാനം!! സൂർദാസ് സ്തബ്ധനായി.  ആനന്ദത്താൽ കണ്ഠമിടറി. കണ്ണുനീർ ധാരധാരയായൊഴുകി.
കൊഞ്ചിക്കുഴഞ്ഞ് ആമണിനാദം മൊഴിഞ്ഞു. “സൂർദാസ്, എന്നെകാണാൻ ഇത്രയിഷ്ടമോ? ഞാനെന്നും സൂർദാസിന്റെ കൂടെയില്ലേ?  എന്നെ കാണണമെന്നു അത്രയ്ക്കു മോഹമുണ്ടോ?
സൂർദാസ് കരയുന്നു.  കൊച്ചുകുഞ്ഞിനെ പ്പോലെ വിതുമ്പുന്നു.
ശരി ശരി കരയല്ലേ.  കണ്ണനും സങ്കടം വരും. കണ്ടോളൂ, കണ്ടോളൂകൺനിറയെ കണ്ടോളൂഭഗവാന്റെ പിഞ്ചുവിരലുകൾ സൂർദാസിന്റെ മിഴികളെ തലോടി.
സ്പർശനമേറ്റ  പാടെ വൈദ്യുതാഘാതമേറ്റപോലെ ,ഒരിടിമിന്നൽ കണക്കെ എന്തോ ഒന്ന് വൃദ്ധന്റെ തലച്ചോറിലേക്ക് പ്രവഹിച്ചു.  വെളിച്ചം. വെളിച്ചം  ..സർവ്വത്ര വെളിച്ചം.
"അന്ധകാര നഭസ്സിലപ്പോൾ സൂര്യനുദിച്ചു
സന്തോഷപ്പാലാഴിയിൽ അമൃതമുയർന്നു
കുസൃതിപ്പുഞ്ചിരി ചൊരിഞ്ഞുനിൽ‌പ്പൂ കണ്ണൻ
മുരളിയൂതി മനം കവരും കള്ളൻ"

സൂർദാസ് വാവിട്ട് കരഞ്ഞു.,“ കണ്ണാ ഭഗവാനേ  എന്റെ എന്റെ എന്റെയീ പാഴ് ജന്മം സഫലമായി.ഞാൻ സംതൃപ്തനാണ് പ്രഭോ..അങ്ങെനിക്ക് കാഴ്ച തന്നു. അങ്ങെനിക്ക് എല്ലാം തന്നു.  ഇനി ഞാനെന്തു നേടാൻ. ഞാൻ ഭഗവാനെ കണ്ടു. ഞാൻ എന്റെ ഉണ്ണിക്കണ്ണനെ കൺനിറച്ചു കണ്ടു.  കൃഷ്ണാ ഇനിയെനിക്ക് ഒന്നും കാണണ്ട  ഭഗവാനെ കണ്ട ഈ കണ്ണുകൾ ഇനിയൊന്നും കാണണ്ട. ഭഗവാനേ ഭക്തവത്സലാ അങ്ങെന്റെ കാഴ്ച തിരിച്ചെടുക്കണം. എന്റെ കാഴ്ച തിരിച്ചെടുക്കണം..
സൂർദാസ് എന്തേ ഇങ്ങനെ പറയുന്നത്?
പ്രപഞ്ചത്തിലെ സമസ്ത സൌന്ദര്യവും ഭഗവാനിലൂടെ ഇപ്പോൾ ഞാൻ കണ്ടില്ലേ !! ഇനി എനിക്ക് എന്തിന് കാഴ്ച! ഈ ഓർമ്മ ഒരിക്കലും മരിക്കരുത്.ഓർക്കാനും ഓമനിക്കാനും ഈ നിമിഷം എനിക്ക് ഒരു യുഗം പോലെയാണ്.  കണ്ണാ എന്റെ കാഴ്ച തിരിച്ചെടുക്കൂ
സൂർദാസ് ബോധരഹിതനായി വീഴാൻ ഭാവിക്കെ ആ പിഞ്ചുകൈകൾ ആവൃദ്ധനെ താങ്ങിതലോടി.വാരിപ്പുണർന്നു……
"കാരുണ്യവാരിധി ഭഗവാൻ കൈത്താങ്ങാകുന്ന തോഴൻ
ഏഴയേവാരിപ്പുണരും വാത്സല്യത്തോടെ തലോടും"
സൂർദാസ് വീണ്ടും പാടുന്നു.ഇന്നും പാടുന്നു..എന്നിലൂടെ ..നിങ്ങളിലൂടെജനലക്ഷങ്ങളിലൂടെ..പാടിക്കോണ്ടേയിരിക്കുന്നു
"പ്രഭുജീ‍ തും ചന്ദന് ഹം പാനി
പ്രഭുജീ തും മോട്ടീ ഹം ഥാക്കാ..
പ്രഭുജീ………….."2011, ഒക്‌ടോബർ 25, ചൊവ്വാഴ്ച

മോണോഏക്റ്റ് സ്കൂൾ കലോത്സവം


                              അമ്മ {ഏകാഭിനയം}

അയൽക്കാരൻ: ഗോപാലാ.. ഗോപാലാ ഇവിടാ‍രുല്ലേ ? വാസന്തി.. വാസന്തി.
മുത്തശ്ശി: ആരാ എന്താ ? ഓ സൈതലബിയാണൊ ന്താ മോനെ വിശേഷം
സൈതലവി:  അതു അമ്മേ,  മ്മള ഗോപാലേഷ്ണന് നല്ല കാലം തെളിഞ്ഞൂന്നാ തോന്ന്ന്നേ.അബന്റെ ബിസ ശരിയായീന്ന് ലത്തീഫിന്റെ ഫോണ്ണ്ടേനൂ.  (മൊബൈൽ എടുക്കുന്നു) ഇബിടെ റെയിഞ്ചില്ലെന്നാ തോന്ന്ന്നേ..ല്ലേമ്മക്കിപ്പം ബിളിക്കേനു.  ങാ ഗോപാലേഷ്ണൻ ബന്നല്ലോ. ന്റെ മനേ ..ന്റെ ബിസ ശരിയായീ. ലത്തീഫിപ്പം ബിളിച്ച് ബെച്ചിക്കേള്ളൂ .

ഗോപാ:  അത് ക്കാ ബിസ മേണോന്ന് പറഞ്ഞത് നേരാ. പക്കേ അയിനിപ്പം ഏട്ന്നാ പൈശ? അതൊന്നും ഞ്ഞി ബേജാറാവണ്ട..ന്റെ പണിയൊക്കെ ശരിയായിറ്റ് പൈശ ലേശിച്ച ഓന് കൊടുത്താ മയി. ഓനാരാ മോയൻ! ഓയൻ അറബീന്റെ സ്വന്തം ആളാ..

വാസന്തി:  പെണ്ണിനിന്നലെ സ്കൂളീന്ന് പുസ്തകം വെറുതെ കിട്ടി ചെക്കന് ലാസ്റ്റ് പൊസ്റ്റിനു ചേർന്ന മാഷ് എല്ലാ പുസ്തകവും മാങ്ങികൊടുത്ത് ഇങ്ങക്കറിയോ ഇന്നല ഇവിട കഞ്ഞി വച്ച്ത് ഓണത്തിനു സ്കൂളീന്നു കിട്ടിയ 10 കിലൊ അരി കൊണ്ടാ.

സൈത:  അതൊന്നു ഇങ്ങൾ ബേജാറാണ്ട അതൊക്കെ ഓൻ പരഞ്ഞീക്കണ് ജോലി ശരിയായി പൈസ കിട്ടുമ്പൊ ലേശീച്ച കൊടുത്താമതി.ഓനാരാ മോൻ ഓൻ അറബീന്റെ സ്വന്താളാ.ഒരീ സം ഓനാടില്ലേങ്കില് അറബി പൊറത്ത് പോവ്വേല്ല . മക്കള് സ്കൂളീ പോവ്വേല്ല.  ബീഡര് പൊറത്തെറങ്ങ്വേങ്കൂടീല്ല. ഓനാരാ മോൻ . ഓനാട അറബീന്റെ ആരാ ന്നാ ബിജാരം?  സ്വന്തം ധോബിയാ.  ധോബി.  ഓനാരാ മോയൻ?
 (അങ്ങനെ ഗോപാലകൃഷ്ണൻ ദുബായിലേക്ക് …)
മുത്തശ്ശി:  ന്റെ മോനേ.. ന്നെപ്പം ന്നാ ഇനി കാണ്വാ? ഞ്ഞി ബരുമ്പം ഞാൻ ബാക്കീണ്ടാവ്വ്വൊ എന്തോ!!  ന്റെ കാവിലമ്മേ ന്റെ മോനും എനക്കും ഒന്നും ബരുത്തല്ലേ..
മക്കൾ:  അപ്പം മുത്തശ്ശീ.. ഞങ്ങളോ?
മുത്തശ്ശി:  ങ്ങള കാല ശേഷം ന്നെ ആരു നോക്കൂന്നാ എന്റെ പേടി.
വാസന്തി:  ന്റെ ഗോപാലേട്ടാ.. ങ്ങള് പോയാപ്പിന്ന ഇക്കുരുത്തം കെട്ട പിള്ളറെ ഞാനെന്താ ചെയ്യാ? ഞാമ്പറഞ്ഞല്ണ്ടോ ഈറ്റിയേള് കേക്ക്ന്ന്?

മക്കൾ: ഞങ്ങള് കേക്കും ..ന്നാ മുത്ത്ശ്ശീടെ കാര്യാ പ്രശ്നം.മുത്തശ്ശി അങ്ങനിങ്ങനിയോന്നും പറഞ്ഞാ കേക്കുന്ന കൂട്ടത്തിലല്ല.
സൈതലവി: അല്ലാ ങ്ങളിങ്ങനെ ഓരോന്ന് പറഞ്ഞോണ്ടിരുന്നാല് ബീമാനങ്ങ് പൊവും. ജീപ്പ് ബന്ന് , ബേഗം കീ ഗോപാലാ.. അല്ലാ ,ജീപ്പ് ഫുള്ളായല്ലോ? ല്ലാരും ബിമാനം കാണ്വാൻ പോന്നാലോ? ഞ്ഞിങ്ങന്യാ മനേ പ്പൊ കേര്വാ?
ഗോപ: സാരേല്ല്യക്കാ ..പെട്ടി ആത്ത് ബെച്ചാ മയി..ഞാൻ തൂങ്ങിക്കോളാം.
സൈത: മനേ മനേ.. ബീമാനത്തില് തിരക്കാണെങ്കീ ഞ്ഞി തൂങ്ങ്വാനൊന്നും നിക്കണ്ടേ..
(  വർഷങ്ങൾക്ക് ശേഷം ഗോപാലകൃഷണൻ തിരിച്ചെത്തുന്നു.)
യാ.. സൈതാലിക്കാ.. ഹൌ ആർ യു? ഫ്ലൈറ്റ് വാസ് റ്റൂ ലേറ്റ്. ദാറ്റ്സ് വൈ അയാം ലേറ്റ്.
സൈത: റബ്ബുൽ ആലമീനായ തമ്പിരാനേ !! ഇ ചെക്കനെന്തു പറ്റി?
മുത്തശ്ശി:  ന്റെ മനേ , ഞ്ഞി എന്തെല്ലായിപ്പറേന്നേ? അല്ല സൈതാലീ , ങ്ങള് ഇബന ദുബായീലോ അല്ല കുതിരവട്ടത്തോ വിട്ടത്? അല്ല ബാസന്തീ ഇനിക്കെന്തെങ്കിലും തിരീന്ന്ണ്ടോ?

വാസന്തി:  ദ് ഇംഗ്ലീഷാ.. ഇംഗ്ലീഷ് മീഡിയത്തി ചേർത്തേരെ മക്കളും ഇങ്ങനല്ലേ പറേന്നേ..ഒരീസം ചെക്കനോട് ഞാനെന്തൊ പറഞ്ഞപ്പൊ ഓൻ എന്നോട് പറയ്യാ “ബ്ലഡി ഫൂൾ ഇഡിയറ്റ്“ ന്ന് എന്റെ രോമാങ്ങ് എട്ത്ത് പിടിച്ച്വോയി
[ദിവസങ്ങൾ കഴിഞ്ഞിട്ടും ഗോപാലൻ മലയാളം ഒരക്ഷരം പറഞ്ഞില്ല മുത്തശ്ശി ഒരുപാട് നേർച്ചകൾ നേർന്നു ഫലമുണ്ടാവുമൊ എന്തൊ?അങ്ങനെ ഒരു ദിവസം]

മുത്തശ്ശി: മോനെ മ്മള പശൂന ഞാന കറക്കല്ഇന്നെനിക്ക് തീരെ വയ്യ ഞ്ഞി കറക്വൊ?
ഗോപാലൻ:  വൈ നോട്ട് .വാസന്തി ടാക് ദ ജഗ്
മുത്തശ്ശി: മനേ അയിന് ലേശം ചവിട്ടും കുത്തും ഉള്ളതാണെ ബയ്യേപ്പറം ചാണൊകുണ്ടാ, ഞ്ഞി ചരേക്കണെ.
ഗോപാലൻ:  ഓ ഡോണ്ട് വെറി മാ ഐ വിൽ ഡു

ചു ചു ചു ചു.ഓ കൌ [പശു ചവിട്ടുന്നു]ഉയ്യന്റമ്മൊ.
മുത്തശ്ശി: ന്റെ മനേ കാവിലമ്മ കാത്തു ……….എന്റെ മോനെ എനിക്കു തിരിച്ചു കിട്ടി .ഓന കൊണ്ട് ഞാൻ ലോകനാർ കാവിൽ നൂറ്റൊന്ന് ശയന പ്രദക്ഷിണം………..!
മക്കൾ: ദേ മുത്തശ്ശി അച്ഛൻ പിന്നേം ചാണൊക്കുണ്ടിൽ
മുത്തശ്ശീ: മക്കളേ സാരെല്ല ഓന് സായിപ്പിന്റെ പ്രേതം കൂട്യേതാ , അയിന് ചാണകം അസ്സലാ.ഇനിയെല്ലാം ശരിയായിക്കൊള്ളും.
[ഗോപാലൻ കഷ്ടപ്പെട്ട് എഴുന്നേറ്റ് വരുന്നു]
മുത്തശ്ശി:  മക്കളേ ങ്ങള് പണ്ട് പഠിച്ച ആ പാട്ടൊന്നു പാടിയേ
മക്കൾ:“മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്ത്യന്ന് പെറ്റമ്മ തൻ ഭാഷതാൻ
മിണ്ടി തുടങ്ങാൻ ശ്രമിക്കുന്ന പിഞ്ചിളം
ചുണ്ടിന്മേൽ അമ്മിഞ്ഞ പാലോടൊപ്പം
അമ്മ എന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചീടുന്നതൊന്നമതായ്“
മുത്തശ്ശി:  നാളത്തന്നെ സുകുമാരൻ മാഷ കണ്ട് പിള്ളറ ആ പഴയ സ്കൂളിൽ ചേർക്കണം. നല്ല ബുദ്ധി തോന്നിക്കാൻ എല്ലായിടത്തും എല്ലാകാലത്തും ചവിട്ടും കുത്തൂള്ള പൈക്കൾ ണ്ടാവ്വ്വേല്ലാലോ?
--------നന്ദി----
2011, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

മതിലേരിക്കന്നി നാടോടിനൃത്തം ആദിത്യസത്യൻ

മതിലേരിക്കന്നി  നാടോടിനൃത്തം ആദിത്യസത്യൻ

2011, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

ഭഗവതി തെയ്യം

ഇതിനെ തിരിച്ച് വാങ്ങാൻ ഇവിടെ ആരുമില്ലേ?