2011, സെപ്റ്റംബർ 6, ചൊവ്വാഴ്ച

ഓണപ്പൊട്ടൻ


ഓണപ്പൊട്ടൻ
വടകര ഭാഗത്ത്, കൃത്യമായി പറഞ്ഞാൽ പഴയ കടത്തനാട് ഭാഗങ്ങളിൽ തിരുവോണത്തിനും തലേന്നും മഹാബലിയുടെ വേഷം വീടുവീടാന്തരം കയറുകയും വീട്ടിലുള്ളവരെ അനുഗ്രഹിച്ച് ദക്ഷിണ സ്വീകരിക്കുകയും ചെയ്യുന്ന പതിവുണ്ട്. ഇതിനു മുന്നോടിയായി വേടൻ കാലൻ എന്നീ വേഷങ്ങൾ കർക്കിടകത്തിൽ എല്ലാ വീടും കയറിയിട്ടുണ്ടാകും. മറ്റിടങ്ങളിൽ  ഈ വേഷം ഉണ്ടോ എന്നറിയില്ല. വടകരയിൽ പലയിടത്തും ഇന്നീ വേഷം ഇല്ല. എന്നാൽ അരൂർ , നിട്ടൂർ ഭാഗങ്ങളിൽ ഇത് അവശേഷിക്കുന്നു. ഒരുപക്ഷേ ഇവിടെയും പുതിയ തലമുറ ഈ തെയ്യക്കോലത്തെ തിരസ്ക്കരിച്ചെന്നു വരാം ഓണപ്പൊട്ടൻ.ഓണേശ്വരൻ, എന്നൊക്കെയാണ് ഈ രൂപത്തിന് പറയുന്ന പേര്. ഓണപ്പൊട്ടന്റെ ചമയം വളരെ മനോഹരമാണ്. പ്രകൃതിയിൽ നിന്നും കിട്ടുന്ന വിവിധ വസ്തുക്കളാണ് മെയ്ക്കപ്പിന് ഉപയോഗിക്കുന്നത്. മുരിക്ക് മരം കൊണ്ടുണ്ടാക്കിയ കിരീടം. വാഴനാര് ചീകി ഉണ്ടാക്കുന്ന മുടി,  പനയോലയുടെ കാക്കുട , തെച്ചിപൂ കൊണ്ടുള്ള അലങ്കാരങ്ങൾ ഇങ്ങനെ എല്ലാം പരിസരത്ത് കിട്ടുന്ന വസ്തുക്കൾ. മുഖത്തെഴുത്തിന് മഞ്ഞൾ , നൂറ്, വെളിച്ചെണ്ണക്കരി, ചായില്ല്യം, മനയോല എന്നിവ ഉപയോഗിക്കുന്നു. കാക്കുടയിൽ കുരുത്തോല കൊണ്ടുള്ള അലങ്കാരങ്ങൾ തൂക്കിയിട്ടിരിക്കും. തെയ്യത്തിന്റെ നാടായ കടത്തനാട്ടിൽ മഹാബലിയെ തെയ്യക്കോലമായി രൂപാന്തരപ്പെടുത്തി എന്നതാണ് ശരി.
ഒരു പ്രത്യേക താളത്തിൽ മണി കിലുക്കിക്കൊണ്ടാണ് നടത്തം. ആ നടത്തത്തിനും ഒരു താളമുണ്ട്. അതിരാവിലെ യാത്ര തുടങ്ങുന്ന പൊട്ടൻ ആദ്യം നാട്ടിലെ പ്രമാണിമാരുടെ വീട്ടിലാണ് കയറുന്നത്. ആ വീട്ടിൽ നിന്നും ദക്ഷിണ സ്വീകരിച്ച് കുടുംബാംഗങ്ങളെ അനുഗ്രഹിച്ച് യാത്ര തുടരുന്നു.
 പൊട്ടൻ വേഷം കെട്ടിയാൽ വേഷക്കാരൻ മിണ്ടാൻ പാടില്ല. അതു കൊണ്ടു തന്നെയാണ് “ഓണപ്പൊട്ടൻ” എന്നു വിളിക്കുന്നത്. എന്നാൽ ഈ നിയമമൊക്കെ രാവിലെ മാത്രമെ പ്രാബല്യത്തിലുള്ളൂ. വൈകുന്നേരമാകുമ്പോഴേക്കും പൊട്ടൻ ഓണത്തിന്റെ പതിവു കലാപരിപാടികളിലേർപ്പെടും. എല്ലാരുമല്ലെങ്കിലും ചില വേഷക്കാരെയൊക്കെ സന്ധ്യയ്ക്ക് വീട്ടുകാർ വന്ന് എടുത്ത് കൊണ്ടു പൊകുകയാണ് പതിവ്.
എതായാലും മലയാണ്മയുടെ ഈടുവെപ്പുകളായ ഈ തെയ്യക്കോലങ്ങളൊക്കെ നാട്ടിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അതു കൊണ്ടാണീ കുറിപ്പ്.

4 അഭിപ്രായങ്ങൾ:

ജനാര്‍ദ്ദനന്‍.സി.എം പറഞ്ഞു...

മണിമുഴക്കത്തില്‍ ഓണപ്പൊട്ടന്റെ മണികിലുക്കം.
എല്ലാരുമല്ലെങ്കിലും ചില വേഷക്കാരെയൊക്കെ സന്ധ്യയ്ക്ക് വീട്ടുകാർ വന്ന് എടുത്ത് കൊണ്ടു പൊകുകയാണ് പതിവ്.അയ്യോ... ശ്രദ്ധിക്കണം.
ഞങ്ങളുടെ പഞ്ചായത്തില്‍ മദ്യത്തിനെതിരെ ഒരു കാംപെയിന്‍ ആരംഭിച്ചിട്ടുണ്ട്. ആരവം എന്നാണ് പ്രോജക്ടിന്റെ പേര്
മദ്യവിമുക്ത ഭവനം, ആര്‍ഭാടരഹിത വിവാഹം. അതാണതിന്റെ മുദ്രാവാക്യം

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

ഓണാശംസകൾ!

ഫൈസല്‍ ബാബു പറഞ്ഞു...

സര്‍, ആദ്യമായാ ഇങ്ങനെയൊരു അനുഷ്ട്ടാനത്തെ ക്കുറിച്ച് വായിക്കുന്നത് !!ഈ പരിചയപ്പെടുത്തലിനു ഒരു പാട് നന്ദി ...
കാലതിന്റെയ് പ്രവാഹത്തില്‍ നാളെ ഇതും ഒരു കേട്ടുകേള്‍വിയാകാതിക്കെട്ടേ ,,

jiya | ജിയാസു. പറഞ്ഞു...

പുതിയ ഒരറിവ് പകർന്നു തന്നതിനു നന്ദി..